Tuesday, September 30, 2008

മാര്‍ക്സിസ്റ്റ് സംവാദം

മാര്‍ക്സിസ്റ്റ് സംവാദം എന്ന പേരില്‍ സി.പി.എം. മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ത്രൈമാസികം ഒരു കാലത്ത് കേരളത്തിന്‍റെ ചിന്തിക്കുന്ന ഇടപക്ഷത്തിന്‍റെ ആശ്വാസമായിരുന്നു. പിന്നീടെപ്പഴോ, എന്തൊക്കയോ കാരണങ്ങളാല്‍ ആ പ്രസിദ്ധീകരണം നിലച്ചു പോയി. ഒരു പാടുവിഷയങ്ങല്‍ക്ക് ആശയപരമായ വ്യക്തത കൈവരിക്കുവാന്‍ ഇടതു പക്ഷ പ്രവര്‍ത്തകരെ മാര്‍ക്സിസ്റ്റ് സംവാദംസഹായിച്ചിരുന്നു എന്നു മാത്രമല്ല, മാര്‍ക്സിസ്റ്റ് ചിന്തകരും, മാര്‍ക്സിസ്റ്റേതര പണ്ഠിതരും തമ്മിലുള്ള ആരോഗ്യകരമായ സംവാദത്തിന് മാര്‍ക്സിസ്റ്റ് സംവാദം വേദിയൊരുക്കിയിരുന്നു. ഈ അടുത്തകാലങ്ങളിലാണ് പ്രത്യയശാസ്ത്ര ഇടര്‍ച്ചകളുടെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പ്രഗല്‍ഭരായവരുടെ ഒരു നിരതന്നെ പുറത്തു പോകേണ്ടി വന്നത്. അവരില്‍ അനുഭാവികളും പാര്‍ട്ടി അംഗങ്ങളുമുണ്ട്.
നാലാം ലോകസിദ്ധാന്തത്തിന്‍റെ പേരില്‍ എം.പി. പരമേശ്വരന്‍, ജനകീയാസൂത്രണവത്തിന്‍റേയും പാര്‍ട്ടി പിന്തുടരുന്നു എന്നു പറയപ്പെടുന്ന നിയോ കൊളോണിയല്‍ നയങ്ങളെ വിമര്‍ശിച്ചതിന് പ്രൊ. എം.എന്‍. വിജയന്‍ മാഷ്, മാഷിനേ തുടര്‍ന്ന് പുറത്തുപോയ ആസാദ്, വി.പി. വാസുദേവന്‍, സതീഷ് ബാബു പയ്യന്നൂര്‍, വിദേശ ഫണ്ട് കൈപ്പറ്റിയതിന്‍റെ പേരില്‍ പുറത്തുപോയ ജോയ് ഇളമണ്‍, ബി. ഇക്ബാല്‍, ഭൌതികവാദത്തില്‍ നിന്ന് ആത്മീയതയിലേക്ക് വഴി നടന്ന കേശവന്‍ നായര്‍, പി. ഗോവിന്ദപ്പിള്ളയെ തരം താഴ്ത്തല്‍ നടപടി... ഈ പട്ടിക ഈ ഇവിടെ തീരുന്നില്ല.
ഇവരെല്ലാം അവരവരുടെ നിലകളില്‍ ഇടതുപക്ഷ കേരളത്തിന് വ്യത്യസ്തമായ സംഭാവനകള്‍ നല്‍കിയവരാണ്. ഇവര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പല പ്രശ്നങ്ങളും ചര്‍ച്ചചെയ്യപ്പെടേണ്ടതും, തള്ളിക്കളയേണ്ടത് തള്ളിക്കളഞ്ഞ് സ്വീകരിക്കേണ്ടതുമാണ്.
എന്നാല്‍ അത്തരമൊരു ചര്‍ച്ചക്കുപോലും സാധ്യതയില്ലാത്തവണ്ണം കാന്പില്ലാത്ത കലഹങ്ങളിലേക്ക് പ്രസ്ത്ഥാനത്തെ തള്ളിവിടുകയാണുണ്ടായത്. സഖാവ് എന്ന വാക്കിന്‍റെ വൈകാരിക വ്യാപ്തി പോലും ഉള്‍ക്കൊള്ളാനാകാതെ മാദ്ധ്യമങ്ങളിലും തെരുവുകളിലും ഇവര്‍ പരസ്പരം പോര്‍വിളിനടത്തി.
പോര്‍ വിളികള്‍ക്കു പകരം ആരോഗ്യകരമായ ചര്‍ച്ചക്ള്‍ക്ക്, സഖാവ് എന്ന വാക്കിന്‍റെ മുഴുവന്‍ വ്യാപ്തിയും ഉള്‍ക്കൊണ്ട് വേദിയൊരുക്കുകയാണ് ഇവിടെ.
ഇവിടെ പത്രാധിപരില്ല. വാര്‍ത്തകള്‍ ആരും വെട്ടി നിരത്തില്ല.
മുന്നോട്ടു നടക്കാനുള്ള ചെറിയ കാല്‍വപ്പു തന്നെയാണ് സംവാദം.

No comments: