Wednesday, October 27, 2010

ഷൊര്‍ണൂരില്‍ സംഭവിക്കുന്നത്.കേരളത്തിലും...

ഷൊര്‍ണൂര്‍... വിപ്ളവത്തിന്‍റെ മണ്ണ്.. കയ്യൂരിനും കരിവള്ളൂരിനും പുന്നപ്രക്കും വയലാറിനുമൊപ്പമൊന്നും തലയെടുപ്പില്ലെങ്കിലും കേരളമണ്ണിലെ വിപ്ളവചലനങ്ങളില്‍ അവഗണിക്കാനാവാത്ത സ്പന്ധനങ്ങള്‍ ഉടലെടുത്ത മണ്ണ്...
സഖാവ് ഇ.എം.എസ് എന്ന പേരിലറിയപ്പെടുന്ന ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സോഷ്യലിസ്റ്റ് കോണ്ഗ്രസ്സ് പ്രസ്ഥാനത്തിന്‍റെ മുഖപത്രമായ പ്രഭാതം പത്രം ആരംഭിച്ച മണ്ണ്. അതിനും മുന്‍പേ..അതിനും എത്രയോ മുന്‍പേ കവളപ്പാറ സ്വരൂപത്തിലെ നാടുവാഴികള്‍ സാമൂതിരിയുടെ തിട്ടൂരങ്ങള്‍ക്കും പെരുംപടപ്പ് സ്വരൂപത്തിന്‍റെ അധികാര സ്വരങ്ങള്‍ക്കുമെതിരെ ചെറുതിലും ചെറുതായ ഒരു ഒരു കൊച്ചു പ്രദേശത്തിന്‍റെ സ്വയംഭരണം കാക്കാന്‍ വാളുകളേക്കാളുപരി തന്ത്രങ്ങള്‍കൊണ്ട് ചെറുത്തുനിന്നൊരു നാട്. ഈ മണ്ണിനൊരു ചരിത്രമുണ്ട്. ഉശിരിന്‍െ ചരിത്രം. നട്ടെല്ലില്‍ ആത്മാഭിമാനത്തോടെ ഉയര്‍ന്നു നിന്ന മനുഷ്യന്‍റെ ചരിത്രം. തോറ്റുകൊടുക്കാനാവാത്തതുകൊണ്ട് മരണം വരെ പോരാടിനിന്ന ആത്മാഭിമാനികളുടെ ചരിത്രം. ഒരു ഫ്യൂഡല്‍ കാലത്തിന്‍റെ സ്മരണകളല്ല ഞാനിവിടെ അയവിറക്കുന്നത്. കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ വയസ്സറിയിച്ച ആദ്യത്തെ പക്വതയാര്‍ജിച്ച സമരം നടന്നതിവിടെയാണ്. കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ നടന്നതുപോലെ കാര്‍ഷിക കലാപമല്ല. യഥാര്‍ത്ഥ തൊഴിലാളിവര്‍ഗ്ഗ സമരം. അധികാരി വര്‍ഗ്ഗത്തിന്‍റെ തൊഴിലാഴിവിരുദ്ധതക്കെതിരെ പണിയെടുക്കുന്ന കൂലിത്തൊഴിലാളികള്‍ സംഘടിതമായി നടത്തിയ സമരം... അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ആദ്യത്തെ ജില്ലാ ഘടകം രൂപം കൊണ്ട മണ്ണ്. എല്ലാം ഒരു പഴങ്കഥയാവുകയാണ്.. വിരസമായ ഒരു പഴങ്കഥ... പഴങ്കഥകളില്‍ രമിക്കരുത്.. മുന്നോട്ട് പോകൂ... നഷ്ടപ്പെടാന്‍ നമുക്കു കൈച്ചങ്ങലകളില്ല.. നേടാനോ നമുക്കുള്ളതു പുതിയൊരു ലോകം.. പുതിയൊരു കാലം... മസനഗുഡിയിയില്‍ റിസോര്‍ട്ടും കോടിക്കണക്കണക്കിന് സ്വത്തും ആസ്തിയുമുള്ള പുതുമുതലാളികളുടെ(സോറി.. പുതു വിപ്ളകാരികളുടെ) ലോകം. അരിസ്ട്രോക്രാറ്റ് റവല്യൂഷണറികളുടെ പുതിയൊരു ലോകം. പാര്‍ട്ടി ബ്യൂറോക്രാറ്റുകളുടെ കണക്കുപുസ്തകങ്ങളിലും കുറിപ്പടികളിലും ഇടം കിട്ടാതെ പോകുന്ന മനുഷ്യന്‍റെ ചരിത്രം. ഉണങ്ങിയ മരച്ചില്ലകള്‍ക്കിടയില്‍ നിറം പോയത് ഒരു ചുവന്നകൊടിയാണ്. കീറിപ്പറഞ്ഞ ത് ഒരു വിമോചന ചിഹ്നമാണ്... ഒരിക്കല്‍ ഒരവകാശിയെങ്കിലും ഇതെന്‍റെ കൊടി..ഇതെന്‍റെ കൊടി... എന്നു ചോദിക്കുന്നതുവരെ നിങ്ങള്‍ സ്വസ്ഥമായിരിക്കൂ... ഈ കീറക്കൊടി തണലില്‍ തന്നെ.....